അമ്പായത്തോട്: പാല്‍ചുരം പുതിയങ്ങാടിയില്‍ മേലെ ഭാഗത്തു നിന്ന് വളര്‍ത്തു പട്ടിയെയും പശുവിനെയും കാണാതെ പോയി. പശുവിനെ പിന്നീട് ചെറിയ മുറിവുകളോടെ കണ്ടെത്തി. പട്ടിയെ വന്യജീവി പിടിച്ചതാണോയെന്ന് സംശയമുണ്ട്. പുന്നയ്ക്കാപടവില്‍ ആന്റണിയുടെ വീട്ടിലെ പട്ടിയെയാണ് കാണാതായത്. വീട്ടിലെ പട്ടിക്കൂട് തകര്‍ന്ന നിലയിലാണ്. ഈ വീട്ടിലെ തന്നെ പട്ടിക്കുഞ്ഞിനെ കൂട്ടില്‍ ചത്തനിലയിലും കാണപ്പെട്ടു. പട്ടിയെ പിടിക്കാന്‍ വന്ന വന്യജീവിയെ കണ്ട് പേടിച്ച പശു പട്ടിക്കൂട് തകര്‍ത്ത ശേഷം ഓടിയതാകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. പിന്നീട് പറമ്പില്‍ നിന്ന് കണ്ടെത്തിയ പശുവിന്റെ ശരീരത്തില്‍ ചെറിയ മുറിവുകളുമുണ്ട്. എന്നാല്‍ പശുവിനെ വന്യജീവി ആക്രമിച്ചതല്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വന്യജീവികള്‍ ആക്രമിക്കുമ്പോള്‍ ഉണ്ടാകുന്ന തരത്തിലുളള ആഴത്തിലുളള മുറിവുകള്‍ ഇല്ല. പട്ടിയെ പിടിക്കാന്‍ വന്ന വന്യജീവിയെ കണ്ട് പേടിച്ച് പട്ടിക്കൂട്ടിലേക്ക് ഓടി കയറിയപ്പോള്‍ ഉണ്ടായ മുറിവ് ആകാനാണ് സാധ്യതയെന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പട്ടിക്കൂടിന്റെ കമ്പികളില്‍ പശുവിന്റെ രോമം കണ്ടതായും പശുവിന്റെ ചവിട്ടേറ്റാണ് പട്ടിക്കുഞ്ഞ് ചത്തതെന്നുമാണ് നിഗമനം. കൂട്ടില്‍ പശുവിന്റെ കുളമ്പിന്റെ പാടുകള്‍ ഉളളതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പട്ടിയെ വന്യജീവി പിടിച്ചതാണോ അതോ പശു പേടിച്ച് ഓടിയത് പോലെ പോയതാണോയെന്ന് വ്യക്തമല്ല. പശു പേടിച്ചത് വന്യജീവിയെ കണ്ട് തന്നെ ആകാമെന്നാണ് വനം വകുപ്പും കരുതുന്നത്. ചൊവ്വാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം. ശബ്ദം കേട്ട് ചെന്നു നോക്കുമ്പോള്‍ കൂട് തകര്‍ത്ത നിലയില്‍ കണ്ടെന്നും പശുവിനെയും പട്ടിയെയും അവിടെ കണ്ടില്ലെന്നും ആന്റണി പറഞ്ഞു. വന്യജീവികളെ ഒന്നും ആന്റണിയും കണ്ടില്ല. പേടിച്ചുപോയ പശു തീറ്റ ഒന്നും തിന്നുന്നില്ലെന്നും ആന്റണി പറഞ്ഞു. വിവരം അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പുലര്‍ച്ചെ വരെ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല
Caught a wild animal or scared of a wild animal...?